
മലയാളി അസോസിയേഷൻ ഓഫ് റെഡിങ് കമ്മ്യൂണിറ്റി യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു.
യു കെമലയാളികൾക്കിടയിലെ രണ്ടാം തലമുറയിലെ ഗായികാ ഗായകന്മാരെ ഉൾപ്പെടുത്തി പുതുതായി രൂപം കൊണ്ട ട്യൂട്ടേഴ്സ് വാലി മ്യൂസിക് ബാൻഡിന്റെ അരങ്ങേറ്റവും ഇതോടൊപ്പം അരങ്ങേറി, മലയാള തനിമയോടെ രാവിലെ മുതൽ നടന്ന പരിപാടികൾ ജന പങ്കാളിത്തം കൊണ്ടും, വൈവിധ്യമാർന്ന കലാ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി, ലോകമെമ്പാടുമുള്ള സംഗീതാഭിമുഖ്യമുള്ള വിദ്യാർഥികളെ ഓൺലൈനിൽ കൂടി സംഗീതം അഭ്യസിപ്പിക്കുന്ന ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ട്യൂട്ടേഴ്സ് വാലി മ്യൂസിക് ബാൻഡിന്റെ ഔദ്യോഗിക ലോഞ്ചിങ്ങും പരിപാടിയോടനുബന്ധിച്ച് നടന്നു.
വിനോദ് നവധാരയുടെ നേതൃത്വത്തിൽ ഉള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ട്യൂട്ടേഴ്സ് വാലി യിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഗാനമേള പതിവ് ഗാനമേള പരിപാടികളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തി. മലയാളത്തിൽ തുടങ്ങി, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് പാട്ടുകൾ ഉൾപ്പെടുത്തി ഒരു പ്രൊഫെഷണൽ ഗാനമേള ഗ്രൂപ്പിനെ വെല്ലുന്ന രീതിയിൽ ഉള്ള പ്രകടനമാണ് കുട്ടികൾ നടത്തിയത്.
വ്യക്തമായ പരിശീലത്തിനു ശേഷം അരങ്ങിലെത്തിയ ഗായകർക്ക് മലയാളത്തിന്റെ പ്രിയ ഗായകരായ എം ജി ശ്രീകുമാർ, സുജാത, ഫ്രാങ്കോ, സംഗീത സംവിധായകാൻ ബേർണി തുടങ്ങിയവർ ലൈവ് ആയി ആശംസകളും നേർന്നിരുന്നു.
ഗണാമേളയോടൊപ്പം തന്നെ മാർക് അംഗങ്ങൾ അവതരിപ്പിച്ച കേരളത്തനിമയാർന്ന സാംസ്കാരിക പരിപാടികളും അരങ്ങേറി, മാവേലിയുടെ എഴുന്നള്ളത്തും, നാടൻ ചെണ്ടമേളവും ,ഓണപ്പാട്ടുകളും, കളികളും, സംഗീതവും ഒക്കെ ചേർന്ന് ഓണത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ അനുസ്മരിപ്പിച്ചാണ് ഈ വർഷത്തെ മാർക്ക് ഓണാഘോഷ പരിപാടികൾ പര്യവസാനിച്ചത്.
മാർക്ക് ഭാരവാഹികൾ ആയ സുദേവ് കുന്നത്ത്, സുനിൽ വരിക്കാര, വരുൺ നായർ, സപ്ന വിനയ്, ശ്യാമ രാഹുൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .